Tuesday, 8 February 2022

" കുഞ്ച്വേട്ടനെപ്പോലെ നല്ല തടിയുണ്ട് ഈ കൃഷ്ണനും" !

" കുഞ്ച്വേട്ടനെപ്പോലെ നല്ല തടിയുണ്ട് ഈ കൃഷ്ണനും" ! ആനപ്പുറത്തിരുന്ന് കോലം പിടിച്ച കൈകൾ ! ദാരിദ്ര്യത്തിനെതിരെ പൊരുതി ജീവിക്കുന്നതിനിടയിൽ പത്തിരുനൂറിൽപ്പരം തെങ്ങുകൾക്ക്‌ ഒറ്റയ്ക്കു തടമെടുത്തിരുന്നവ ! പക്ഷവാതം പിടി പെട്ടു സ്വാധീനം നഷ്ടപ്പെടുന്നതുവരേക്കും ആ കൈകള്‍ ഒരു പാടൊരുപാട് അധ്വാനിച്ചു കഴിഞ്ഞിരുന്നു ! പീടികസ്സാമാനം വാങ്ങി ക്കൊണ്ടുവരാന്‍ ഒരു തുണിസ്സഞ്ചിപോലും വാങ്ങാന്‍ കാശില്ലായിരുന്നിരിക്കണം ആ മടിശ്ശീലയില്‍. .കൈകളിലും കക്ഷത്തിലും ഇടുക്കിപ്പിടിച്ചായിരുന്നു എപ്പോഴും അച്ഛന്‍ പീടികയില്‍ നിന്നു മടങ്ങി വരുമായിരുന്നത്. വെങ്കിടങ്ങില്‍ ഇല്ലത്ത് കുളപ്പുര പടുത്തുയര്‍ത്ത പ്പെട്ടപ്പോള്‍ ആശാരിമാരുടേത്‌ ഒഴിച്ചാല്‍ ആ എടുപ്പിന്‍മേല്‍ പതിഞ്ഞ ഒരേ ഒരു കൈവിരലുകള്‍ ആ കൈകളുടേതായിരുന്നു. വടവര്‍ക്കോട്ടു മനയ്ക്കല്‍ കൃഷ്ണന്‍ ഭട്ടതിരിപ്പാട് മകന്‍ ബ്രഹ്മദത്തന്‍ ഭട്ടതിരിപ്പാട്‌ എന്ന കുഞ്ചുപ്പട്ടേരി. എന്‍റെ അച്ഛന്‍ ! അധികം പഠിപ്പില്ല. ഒന്‍പതാം ക്ലാസ്സ്‌ വരെ മാത്രം . ജീവിതത്തിലെ പോലെ തോറ്റുവോ ജയിച്ചുവോ എന്നറിയില്ല . പക്ഷെ ആ സാധുമനുഷ്യനില്‍ കലാദേവിയുടെ ഒരു കാരുണ്ണ്യദൃഷ്ടി ഏറെക്കാലം പതിഞ്ഞിരിക്കണം. ആരും പഠിപ്പിച്ചതായി പറഞ്ഞു കേട്ടിട്ടില്ല. ചിത്രം വരയായാലും മറ്റെന്തു തന്നെയായാലും. കഥകളിപ്പദം മൂളി നടക്കാനല്ലാതെ അത്തരം അരങ്ങുകളിലെത്താന്‍ അച്ഛന് കഴിഞ്ഞിരിക്കാന്‍ ഇടയില്ല . ആ കുറവു നികത്താനായിരിക്കുമോ അച്ഛന്‍ മണ്ണില്‍ വിയര്‍പ്പൊഴുക്കിയതിനു പുറമേ കളിമണ്ണില്‍ ശില്‍പ്പങ്ങള്‍ ഉണ്ടാക്കിയിരുന്നത് ?! ആരെങ്കിലും അദ്ദേഹത്തെ പടിപ്പിച്ചതായിരുന്നില്ല ശില്‍പ്പവേല. ഏറെക്കാലം ഇല്ലത്തെ മുകളിലെ പടിഞ്ഞാറേ മുറിയില്‍ പടിഞ്ഞാറേ ചുമരില്‍ കരിയാല്‍ വരച്ച വേട്ടേക്കരന്‍റെ വലിയ ചിത്രം പതിഞ്ഞു കിടന്നിരുന്നു. കോലവും കൈക്കോട്ടും കരിക്കട്ടയും പിടിച്ച കൈകള്‍ക്ക് കളിമണ്ണും വഴങ്ങിക്കൊടുത്തു എന്നു വേണം പറയാന്‍ ! ഓര്‍മ്മയുടെ മങ്ങിയ വെളിച്ചക്കീറുകള്‍ ഇന്നും വന്നു വീഴുന്നുണ്ട് എന്‍റെ സ്മൃതിമണ്ഡലത്തില്‍. എന്തിനായിരുന്നു അതു പോലെയുള്ള ഒരു മച്ചിനകത്ത് അച്ഛന്‍ ഇരുന്നു ശില്‍പ്പങ്ങള്‍ ഉണ്ടാക്കിയിരുന്നത് ?! 'ഓടന്മാര്‍' കൊണ്ടു വന്നു തന്നിരുന്ന കളിമണ്ണ് കുഴച്ചുരുട്ടി അന്ന് അച്ഛന്‍ മഹാബലിയെ ഉണ്ടാക്കുകയായിരുന്നു.ഞാനവിടെ കണ്ടു നില്‍ക്കുന്നുണ്ട് . ഒപ്പം ആരൊക്കെയായിരുന്നു ഉണ്ടായിരുന്നത് ? ശ്രീദേവിയോപ്പോള്‍ ഉണ്ടായിരുന്നു എന്നു നിശ്ചയം! ആ സമയത്ത്‌ എന്തിനായിരുന്നു കിഴട്ടെ അമ്മിണി അവിടെ വന്നത് ?! മേച്ചേരി പ്പടിയിലുള്ള ഏപ്പുറത്തുമനയിലെ പണിക്കാരിയായിരുന്നു ആ സ്ത്രീ. അമ്മ എന്തെങ്കിലും പണികള്‍ക്കായി വിളിപ്പിച്ചിരുന്നുവോ ആവോ ? അമ്മിണി എന്തോ പറഞ്ഞതും ഒരു ശബ്ദത്തോടെ മഹാബലി രൂപം നിലം പൊത്തിയതും ഒന്നിച്ചായിരുന്നു . അച്ഛന്‍ ദേഷ്യം വന്ന് എഴുന്നേറ്റു . അത്രയ്ക്ക് കരിനാക്കായിരുന്നു ആ സ്ത്രീക്ക് ! ആ സ്ത്രീയുടെ കണ്ണില്‍പ്പെടാതെ എവിടെയിരുന്നായിരുന്നു അച്ഛന്‍ ഈ ശ്രീകൃഷ്ണരൂപം ഉണ്ടാക്കിയത് ?! തീര്‍ച്ചയായും പഴയ പൂമുഖത്തിനോടു ചേര്‍ന്നുണ്ടായിരുന്ന , വെളിച്ചം പോലും ഇരുളിനെ ഭയന്ന് കടന്നു ചെല്ലാന്‍ മടിച്ചിരുന്ന , നരച്ചീറുകളുടെ അധിവാസകേന്ദ്രമായ ആ മച്ചിനകത്തിരുന്നാ യിരുന്നില്ല . പിന്നെയോ ? എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ അതു നേരത്തെ സൂചിപ്പിച്ച കുളപ്പുരയിലെ തെക്കേ മുറിയില്‍ ഇരുന്നായിരുന്നു. അവിടെ വരാന്‍ കിഴട്ടെ അമ്മിണിക്ക് വിലക്കോ മറ്റു പ്രതിബന്ധങ്ങളോ ഇല്ലായിരുന്നു പക്ഷെ ! എങ്കിലും ആ കരിനാക്കേല്‍ക്കാതെ വിജയകരമായി കൃഷ്ണന്‍ ആ പ്രസൂതിഗേഹത്തില്‍ പിറന്നു ( വീഴാനിടയായില്ല ! ) എന്നു പറഞ്ഞാല്‍ മതിയല്ലോ. നീല, മഞ്ഞ, ചുവപ്പു നിറങ്ങളിലുള്ള ചായങ്ങള്‍ നിറച്ച ഡപ്പികളും ബ്രഷുകളും അവിടെ ഉണ്ടായിരുന്നു .ഓരോ ഘട്ടങ്ങളും ഞങ്ങള്‍ കുട്ടികള്‍ നിരീക്ഷിക്കുമായിരുന്നു. സ്കൂള്‍ വിട്ടു വന്നാല്‍ ആദ്യം ഈ പ്രതിമാ നിര്‍മ്മാണത്തിന്‍റെ പുരോഗതി അറിയാനുള്ള ഉത്സാഹത്തോടെ ഞാന്‍ ഓടിച്ചെല്ലുമായിരുന്നു . ഒരിക്കല്‍ കൃഷ്ണന്‍റെ ഒരു കൈ ഒടിഞ്ഞു വീണു. അതു നേരെ നിര്‍ത്താന്‍ അച്ഛന്‍ ഒരു ഉപായം കണ്ടെത്തി . അരഭാഗത്ത് ഇരുവശങ്ങളിലും ഓരോ കോലുകള്‍ കുത്തിയിറക്കി. ആ വേദന മാറാനെന്നോണം ആ കുഞ്ഞിക്കൈകളില്‍ നിറയെ കളിമണ്‍വെണ്ണ നിറച്ചും വെച്ചുകൊടുത്തു ! കൃഷ്ണന് വളരെ സന്തോഷമായി എന്നു പിന്നീട് ആ ശ്രീമുഖത്തു തെളിഞ്ഞ പാല്‍പ്പുഞ്ചിരിയിലൂടെ വ്യക്തമായി ! കണ്ണനു കളിമണ്ണു കൊണ്ടുള്ള മാലകള്‍ പണിതു കൊടുത്തു . എല്ലാത്തിനും സ്വര്‍ണ്ണ നിറം നല്‍കി . സ്വര്‍ണത്തരികള്‍ ഇരുമ്പുകടയില്‍ പെയ്ന്‍റ് വാങ്ങിച്ചതിനൊപ്പം വാങ്ങിച്ചതായിരുന്നുവത്രേ. എന്തായാലും ആ കണ്ണനെ എല്ലാര്‍ക്കും ഇഷ്ടമായി. ആ അവധിക്കാലത്ത്‌ അമ്മാമന്‍റെ മക്കളില്‍ ആരോ ഇല്ലത്തേക്ക് വിരുന്നു വന്ന സന്ദര്‍ഭത്തില്‍ പറയുകയുണ്ടായി : " കുഞ്ച്വേട്ടനെ പ്പോലെ നല്ല തടിയുണ്ട് ഈ കൃഷ്ണനും" എന്ന് !

വല വില വലി


വല വല വല വലിയ വല
വലിയൊരു വലയിൽ വലിയൊരു മീൻ വലിയൊരു മീനിനു വലിയ വില
വലിയെട! വലിയെട! വലിയ വല.

Tuesday, 4 January 2022

പ്രവേശനോത്സവം

പ്രവേശനോത്സവം .

പുത്തനുടുപ്പുക-
ളിട്ടവര്‍, അമ്മമാര്‍
കൈ പിടിച്ചങ്ങനെ
കൊണ്ടു വരുന്നവര്‍ ;
ഏട്ടനോടൊപ്പമോ
ചേച്ചി തന്നൊപ്പമോ
ചെമ്മേ പടി കടന്നെത്തുന്നവര്‍ പിന്നെ
കുഞ്ഞനുജന്റെയല്ലെങ്കിലനുജത്തി
തന്നുടെ കൈയും മുറുക്കെപ്പിടിച്ചു കൊ-
ണ്ടെത്തുവോര്‍ ; ഇങ്ങനെ-
യിന്നിതാ വിദ്യാലയാങ്കണം വീണ്ടുമേ
ശബ്ദായമാനമായ്
എങ്ങുമേയുത്സവച്ഛായ
പകരുമാറുള്ളതാം കാഴ്ച്ചകള്‍;
വീര്‍ത്തവ, വീര്‍ക്കുന്നവയാം ബലൂണുകള്‍
ഒപ്പമാ കുഞ്ഞിക്കവിളുകള്‍ നോക്കുക ;
അത്ഭുതം ചെമ്മേ നിറഞ്ഞുകൊണ്ടേ വീര്‍ത്തു
നില്‍ക്കുന്നു !
റ്റീച്ചറെയമ്മയെന്നുറ്റു നോക്കുന്നവര്‍ !
എങ്ങും നിറഞ്ഞിതലങ്കാരവേലകള്‍ ;
ഇമ്മട്ടു ശബ്ദ ഘോഷങ്ങള്‍ ഉയരവേ
നീണ്ടൊരുറക്കത്തില്‍ നിന്നെന്ന പോലവേ
എന്‍റെ വിദ്യാലയം വീണ്ടുമുണര്‍ന്നിതാ !
Photo: പ്രവേശനോത്സവം .

പുത്തനുടുപ്പുക-
ളിട്ടവര്‍, അമ്മമാര്‍ 
കൈ പിടിച്ചങ്ങനെ 
കൊണ്ടു വരുന്നവര്‍ ;
ഏട്ടനോടൊപ്പമോ 
ചേച്ചി തന്നൊപ്പമോ
ചെമ്മേ പടി കടന്നെത്തുന്നവര്‍ പിന്നെ 
കുഞ്ഞനുജന്റെയല്ലെങ്കിലനുജത്തി
തന്നുടെ കൈയും  മുറുക്കെപ്പിടിച്ചു കൊ-
ണ്ടെത്തുവോര്‍ ; ഇങ്ങനെ-
യിന്നിതാ വിദ്യാലയാങ്കണം വീണ്ടുമേ 
ശബ്ദായമാനമായ്
എങ്ങുമേയുത്സവച്ഛായ
പകരുമാറുള്ളതാം കാഴ്ച്ചകള്‍;
വീര്‍ത്തവ, വീര്‍ക്കുന്നവയാം ബലൂണുകള്‍ 
ഒപ്പമാ കുഞ്ഞിക്കവിളുകള്‍ നോക്കുക ;
അത്ഭുതം ചെമ്മേ നിറഞ്ഞുകൊണ്ടേ  വീര്‍ത്തു 
നില്‍ക്കുന്നു  !
റ്റീച്ചറെയമ്മയെന്നുറ്റു നോക്കുന്നവര്‍  !
എങ്ങും നിറഞ്ഞിതലങ്കാരവേലകള്‍ ;
ഇമ്മട്ടു ശബ്ദ ഘോഷങ്ങള്‍ ഉയരവേ  
നീണ്ടൊരുറക്കത്തില്‍ നിന്നെന്ന പോലവേ
എന്‍റെ വിദ്യാലയം വീണ്ടുമുണര്‍ന്നിതാ !

പരിസ്ഥിതിദീനം

ഇന്നലെ പരിസ്ഥിതി ദിനമായിരുന്നല്ലോ ! പരിസ്ഥിതി മരിക്കാന്‍ കിടക്കുന്ന കാര്യം ഓര്‍മ്മിപ്പിക്കല്‍ പതിവു പോലെ നാടെങ്ങും നടന്നു . ക്ലാസ്സില്‍ ബഷീറിന്റെ ഇമ്മിണി ബല്ല്യ ഒരു കിത്താബ് കൊണ്ട് പോയിരുന്നു . അതു കണ്ടപ്പോള്‍ ഒരാവശ്യം കുട്ടികള്‍ക്കിടയില്‍ നിന്ന് : മാഷേ അതില്‍ നിന്ന് ഒരു നാലു വരി കേള്‍പ്പിച്ചു തര്വോ ? എന്ന് !
അഭിരാമിയായിരുന്നു അത്. എനിക്ക് വളരെ സന്തോഷം തോന്നി .
വായനാദിനം അടുത്തു വരുന്നു. കുട്ടികള്‍ക്കിടയില്‍ നിന്ന് ഇത്തരം ഒരു നല്ല പ്രതികരണം .
ഞാന്‍ അക്കാര്യം എന്റെ സഹാധ്യാപികയുടെ ശ്രദ്ധയില്‍ പെടുത്തി .
അവരും അതില്‍ മതിപ്പു പ്രകടിപ്പിച്ചു .
കുട്ടികളോട് ഞാന്‍ ആവശ്യപ്പെട്ടു , അവള്‍ക്ക് കയ്യടി കൊടുക്കാന്‍ .
ഇനി വായനാദിനം ആകും മുന്‍പേ അല്‍പ്പം പ്രവര്‍ത്തനങ്ങള്‍ നല്‍കണം .
 — feeling happy.

Friday, 10 March 2017

അക്കമലയുടെ നെറുക

അക്കമലയുടെ നെറുക

ഒന്ന്, രണ്ട്, മൂന്ന്, നാല് ..
അക്കമലയുടെ താഴ്‌വാരം ;
അഞ്ച്,ആറ്, ഏഴ്, എട്ടൊന്‍പത് ;
പത്തെന്ന പാറപ്പുറത്തേറി,
പതിനൊന്ന്, പന്ത്രണ്ടെ-
ന്നടി വെച്ചങ്ങടി വെച്ച്
പിന്നെയും കേറാം മേലോട്ട് !
ആയിരമല്ല ;പതിനായിരമല്ല;
പിന്നെയുമുണ്ടല്ലോ മേലോട്ട് .
കേറിക്കേറി നാമക്കമലയുടെ
മോളിലും ചെന്നു കുതിക്കൂലോ !
അമ്പമ്പ,യിമ്മലയക്കമലയുടെ
മോളറ്റം കണ്ടവരാരുണ്ട് !?
ലക്ഷവും കോടിയും പിന്നിട്ടു കേറുന്നോര്‍
വീഴില്ലാ താഴെ വീഴില്ലാ !
കേറണം പിന്നെയും കേറണം എന്നല്ലോ
കേറുന്നോര്‍ കേറുന്നോര്‍ ഓര്‍ക്കുന്നു .
കേറിക്കേറി നാം ആകാശം തൊട്ടില്ലാ
തൊട്ടൂ തൊട്ടില്ലാ മട്ടാകും !
157UnlikeUnlike ·  · Promote ·